#Local News

വനപാതയിലെ ആ വൃത്തികേട് എരുമേലി പഞ്ചായത്ത്‌ മാറ്റി

 

എരുമേലി : വൃത്തിയാക്കിയ വനപാതയിൽ വീണ്ടും മാലിന്യങ്ങൾ നിറഞ്ഞത് അറിഞ്ഞ ഉടനെ ഇടപെട്ടു ശുചീകരിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പ്. വീണ്ടും മാലിന്യങ്ങൾ എത്താതിരിക്കാൻ വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം ഉൾപ്പടെ ഫലപ്രദമായ നടപടികൾ വേണമെന്നും സൗന്ദര്യവൽക്കരണം നടത്തണമെന്നും ആവശ്യം. എരുമേലി – റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വനപാതയിൽ മണിമല – എരുമേലി പഞ്ചായത്തുകളുടെ അതിർത്തി ഭാഗത്ത്‌ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് കുറ്റകരമാണെന്ന് കാട്ടി സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലാണ് മാലിന്യങ്ങൾ കുമിഞ്ഞിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ എരുമേലിയിൽ ശബരിമല തീർത്ഥാടന കാല മാലിന്യ സംസ്ക്കരണത്തിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട് വിപിൻ കൃഷ്ണയുടെ നേതൃത്വത്തിൽ വിശുദ്ധി സേന അംഗങ്ങൾ ശുചീകരണം നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഇതിനോടകം പല തവണയായി വനപാതയിൽ നിന്നും ടൺ കണക്കിന് മാലിന്യങ്ങൾ നീക്കിയതാണ്. എന്നാൽ വീണ്ടും മാലിന്യങ്ങൾ നിറയുകയാണ്. സ്നഗ്ഗികൾ, മത്സ്യ മാംസ അവശിഷ്‌ടങ്ങൾ, പഴകിയ പച്ചക്കറി വേസ്റ്റുകൾ, കുപ്പികൾ ഉൾപ്പടെ വൻ തോതിൽ ആണ് മാലിന്യങ്ങൾ വനപാതയുടെ ഇരുവശങ്ങളിലും നിറഞ്ഞുകൊണ്ടിരിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം ഊർജിതമാക്കിയാൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാൻ കഴിയും. ഇനി ഒരിക്കലും ഈ പാതയിൽ മാലിന്യങ്ങൾ എത്താതിരിക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗങ്ങളായ വി ഐ അജി, സുനിൽ ചെറിയാൻ എന്നിവർ പറഞ്ഞു. മനോഹരമായ വന ഭംഗി ആസ്വദിക്കാനുള്ള സുഖകരമായ യാത്രാ അന്തരീഷം ഒരുക്കുന്ന പാതയോര സൗന്ദര്യവൽക്കരണം നടത്താൻ വനം വകുപ്പിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സഹകരണം ഇതിനായി തേടുമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.
ചിത്രം.
മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ ഇടുന്നത് കുറ്റകരമാണെന്ന് കാട്ടി എരുമേലി കരിമ്പിൻതോട് മുക്കട വനപാതയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡിന്റെ മുന്നിൽ ദിവസങ്ങളായി കുമിഞ്ഞിരുന്ന മാലിന്യങ്ങൾ എരുമേലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.