#Local News #Sabarimala

ശബരിമല തീര്‍ത്ഥാടനം : അമിത നിരക്ക് ഈടാക്കിയാല്‍ പോലീസും ഇടപെടും

എരുമേലി : കഴിഞ്ഞ വര്‍ഷം ശബരിമല തീര്‍ത്ഥാടന കാലത്ത് ഏറ്റവുമധികം പരാതി ഉയര്‍ന്ന അമിത നിരക്ക് വാങ്ങുന്നുവെന്ന കേസില്‍ ഇത്തവണ പോലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ജില്ല പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് ഐ പി എസ് പറഞ്ഞു. എരുമേലിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടേയും – വ്യാപാരി – സന്നദ്ധ സംഘടന പ്രതിനിധികളുടേയും യോഗത്തില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കിംഗ്, ശൗചാലയം, മറ്റ് കടകള്‍ എന്നിവടങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നവരെ കണ്ടെത്താന്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം ഇത്തവണ പോലിസും ഉണ്ടാകും. ഇതിനായി മഫ്തിയില്‍ പോലീസ് പരിശോധനക്കെത്തും. കഴിഞ്ഞ വര്‍ഷം വിവിധ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ അടക്കം അമിത നിരക്ക് ഈടാക്കിയെന്ന വ്യാപകമായ പരാതിയാണ് ഉയര്‍ന്നത്.  എരുമേലിയിലെ പ്രധാനപ്പെട്ട ഡ്യൂട്ടി പോയിന്റുകളില്‍ പരമാവധി ലോക്കല്‍ പോലീസോ – മുന്‍കാല പരിചയ സമ്പന്നരായ പോലീസുകാരേയോ നിയോഗിക്കും. അയ്യപ്പ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചാല്‍ – എരുമേലി അടക്കമുള്ള കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനം ഒരുക്കും. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ഒഴിവാക്കാന്‍ എരുമേലിയില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള വിവിധ കച്ചവട സ്ഥാപനങ്ങളില്‍ ജോലിക്ക് വരുന്നവര്‍ക്ക് പോലീസ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കും. മുന്‍ വര്‍ഷത്തെപ്പോലെ എരുമേലിയില്‍ ആദ്യ ഘട്ടത്തില്‍ ( എസ് പി സി ) ഉള്‍പ്പെടെ 500 പോലീസുകാരെയും, കൂടാതെ 200 പേരെ ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കും. മൂന്ന് ബൈക്കുകളിലും, മൂന്ന് ജീപ്പിലുമായി പെട്രോളിംഗ് നടത്തും. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി അനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി റ്റിക്‌സണ്‍ മാത്യു,സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി മധു ,എരുമേലി എസ് എച്ച് ഒ ഇ ഡി ബിജു എന്നിവര്‍ പങ്കെടുത്തു.