#Local News

മലയോര പട്ടയം- സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റുന്നു.

 

 

മുണ്ടക്കയം : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലെ പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റിൽപ്പെട്ട പട്ടികവർഗ്ഗ,പട്ടികജാതി വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ ഉൾപ്പെടെ ചെറുകിട- നാമമാത്ര കൃഷിക്കാരുടെ കൈവശ ഭൂമിക്ക് പട്ടയം എന്ന പതിറ്റാണ്ടുകളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.പട്ടയം ലഭ്യമാക്കുന്നതിന് വനം വകുപ്പുമായും മറ്റും ബന്ധപ്പെട്ട നിരവധി നിയമ തടസ്സങ്ങൾ നിലനിന്നിരുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

നിയമസഭയിൽ വിഷയം സബ്മിഷനായി ഉന്നയിക്കുകയും, റവന്യൂ അസംബ്ലിയിലും മറ്റും അവതരിപ്പിക്കുകയും നിരന്തര ഇടപെടലുകൾ നടത്തുകയും ചെയ്തതിനെ തുടർന്ന് റവന്യൂ മന്ത്രിയുടെയും മറ്റും അനുകൂല നിലപാടിലൂടെ പട്ടയം നൽകുന്നതിനുള്ള നിയമ തടസ്സങ്ങളെല്ലാം പരിഹരിക്കപ്പെട്ട് പട്ടയ നടപടികൾക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ ഡോ.ടി.എം തോമസ് ഐസക്കും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. സംസ്ഥാന സർക്കാർ പട്ടയ നടപടികൾക്ക് മാത്രമായി ഒരു സ്പെഷ്യൽ തഹസിൽദാർ ഓഫീസും അനുവദിച്ചു കഴിഞ്ഞു. ഒരു തഹസിൽദാരും, രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരും,6 സർവ്വേയർമാരും ഉൾപ്പെടെ 17 പുതിയ തസ്തികകളും ഇതിനായി അനുവദിച്ചിട്ടുണ്ട്. സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് എരുമേലി വടക്ക് വില്ലേജ് ഓഫീസിനോട് അനുബന്ധിച്ചായിരുന്നു. എന്നാൽ ഇവിടെ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് മുണ്ടക്കയം- പുത്തൻചന്തയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിന് നിശ്ചയിച്ചിരിക്കുകയാണ്. പ്രസ്തുത സ്ഥലത്തു തന്നെയാണ് മുണ്ടക്കയത്ത് പുതിയ മിനി സിവിൽ സ്റ്റേഷനും നിർമ്മിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളത്. സ്പെഷ്യൽ തഹസിൽദാർ ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, വാർഡ് മെമ്പർ ഷീബ ദിഫൈൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ആർ. ശ്രീലേഖ, ഡെപ്യൂട്ടി തഹസീൽദാർ ജോജോ തോമസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ഉടൻ തന്നെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് പ്രവർത്തനം മുണ്ടക്കയം -പുത്തൻ ചന്തയിലേക്ക് മാറ്റുമെന്ന് എംഎൽഎ അറിയിച്ചു.ഓഫീസ് പ്രവർത്തന സൗകര്യം ഒരുങ്ങുന്നതോടുകൂടി പട്ടയ അപേക്ഷ നൽകിയിട്ടുള്ള പതിനായിരത്തോളം ആളുകളുടെ കൈവശ- ഉടമസ്ഥ അവകാശങ്ങൾ പരിശോധിച്ച് സർവ്വേ നടപടികൾ അടക്കം പൂർത്തീകരിച്ച് പരമാവധി ഒരു വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

 

പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോസടി, മുരിക്കുംവയൽ കരിനിലം, പുലിക്കുന്ന്, കാരിശ്ശേരി, പാക്കാനം, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള കൈവശ കൃഷിക്കാരുടെ നിരന്തര ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി, ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമൂഴി കടപ്ലാക്കൽ കോളനി എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇതിനോടകം രണ്ടായിരത്തിലധികം പട്ടയങ്ങൾ കൈവശക്കാർക്ക് നൽകി കഴിഞ്ഞതായും എംഎൽഎ അറിയിച്ചു.