#Local News

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

 

 

എറണാകുളത്ത് ഹോസ്റ്റലിലെ ബാത്റൂമിൽ യുവതി പ്രസവിച്ചു. ന​ഗരമധ്യത്തിലുള്ള ഹോസ്റ്റലിലാണ് സംഭവം. അവിവാഹിതയായ യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ റൂമിലുള്ള മറ്റുള്ള പെൺകുട്ടികൾ വിവരമറിയിച്ചതിന് പിന്നാലെ നോർത്ത് പൊലീസെത്തി യുവതിയേയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് അവിവാഹിതയായ യുവതി ​ഗർഭിണിയായത് എന്നാണ് സൂചന.

 

 

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്നു രാവിലെയോടെ ശൗചാലയത്തിൽ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വാതിൽ തട്ടി വിളിക്കുകയായിരുന്നു. തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്.

 

തുടർന്നാണ് ഇവർ പോലീസിനെ വിവരം അറിയിക്കുന്നത്. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.