#Latest news #News

പ്രേമലു കേമലു; റിവ്യു Premalu Movie Review

“പ്രേമം പൈങ്കിളിയല്ലേ?” “അതെ” “അത് മൊത്തം ക്ലീഷെ അല്ലേ?” അതെ “എന്നിട്ടും ആളുകൾ ഇപ്പോഴും “പ്രേമിക്കുന്നില്ലേ?” “അതെ” “അതിനു കാരണമെന്താ?” ഉത്തരം സിംപിൾ. സംഭവം കളറാണ്. അങ്ങനെയൊരു കളറുള്ള രസികൻ പടമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’. ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞ് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗിരീഷ് എ.ഡി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ട്രെയിലറിൽ കണ്ട പോലെ പ്രേമലു അടിമുടി ഒരു പ്രേമപ്പടമാണ്.

ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്കാണ് പ്രേമലു കണ്ണു തുറക്കുന്നത്. ആലുവക്കാരനായ സച്ചിൻ സേലത്തു നിന്ന് കോഴ്സു കഴിഞ്ഞ് ഗേറ്റിന് തയാറെടുക്കാൻ ഹൈദരാബാദിലെത്തുന്നു. കോളജും സ്കൂളും നാട്ടിലെ ഇട്ടാവട്ടങ്ങളിൽ പൂർത്തിയാക്കിയ റീനു, ജീവിതം എക്സ്പ്ലോർ ചെയ്യാനാണ് ഹൈദരാബാദിൽ ജോലി സംഘടിപ്പിച്ച് എത്തുന്നത്. സമാന്തരരേഖയിൽ പോയിക്കൊണ്ടിരുന്ന ഈ രണ്ടു പേർ കണ്ടുമുട്ടുന്നിടത്താണ് പ്രേമലു ഫുൾ പവറിൽ ടേക്ക് ഓഫ് ആകുന്നത്.

 

നസ്ലിൻ, മമിത, സംഗീത് പ്രതാപ്, ശ്യാം മോഹൻ, ഷമീർ ഖാൻ, അഖില ഭാർഗവൻ എന്നിവരുടെ കിടിലൻ പ്രകടനങ്ങളാണ് പ്രേമലുവിനെ കളറാക്കുന്നത്. ഇവർ തമ്മിലുള്ള കോംബിനേഷനുകളിൽ ഏതാണ് മികച്ചതെന്നു പറയുക എളുപ്പമല്ല. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വവും വ്യക്തതയുമുണ്ട്. അതുകൊണ്ടു തന്നെ, ഒരു കഥാപാത്രം പോലും മറ്റൊരാളുടെ നിഴലായി തോന്നില്ല. സച്ചിന്റെയും റീനുവിന്റെയും റൊമാൻസ് ആണ് മുഖ്യപ്രമേയമെങ്കിലും സംഗീതിന്റെ അമൽ ഡേവിസിനോടും അഖിലയുടെ കാർത്തികയോടും ശ്യാം മോഹന്റെ ആദിയോടും ഷമീർ ഖാന്റെ സുബിനോടും പ്രേക്ഷകർക്ക് ഇഷ്ടവും അടുപ്പവും തോന്നും. തിരക്കഥയുടെ ബ്രില്യൻസിനൊപ്പം അഭിനേതാക്കളുടെ കൃത്യതയാർന്ന പ്രകടനം കൊണ്ടു കൂടിയാണ് അതു സാധ്യമാകുന്നത്.

 

നസ്ലിൻ തന്റെ സ്ഥിരം പാറ്റേണിൽ അനായാസമായാണ് സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ മലയാളികൾ ഇഷ്ടപ്പെടുന്ന ആ നസ്ലിൻ മാജിക് പ്രേമലുവിലും കാണാം. ചില ഡയലോഗുകൾ, നസ്‌ലിന്റെ ശൈലിയിൽ കേൾക്കുമ്പോൾ തന്നെ തിയറ്ററിൽ ചിരി പൊട്ടും. ഓവറാക്കി ചളമാക്കാതെ നസ്ലിൻ മനോഹരമായി അതു കൈകാര്യം ചെയ്തിട്ടുണ്ട്. നസ്ലിൻ–മമിത കോംബോയും ക്യൂട്ടായി അനുഭവപ്പെടും. സൗഹൃദവും തമാശയും പോലെ തന്നെ ഇമോഷനൽ രംഗങ്ങളും ഇരുവരും ഒരുപോലെ സ്കോർ ചെയ്തിട്ടുണ്ട്. ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രവും മികച്ചതാണ്. എല്ലാ ബന്ധങ്ങളിലും ടോക്സിക് ആയി മാത്രം ഇടപെടുന്ന മിസ്റ്റർ പെർഫെക്ടായി ശ്യാം മോഹൻ തകർത്തു. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും പുഞ്ചിരിയിൽ പോലും ടോക്സിസിറ്റി വാരിവിതറിക്കൊണ്ടാണ് ശ്യാം ആ കഥാപാത്രത്തെ ഭംഗിയാക്കിയത്. ഒരു പ്രത്യേക രീതിയിൽ ശ്യാമിന്റെ കഥാപാത്രം ‘ജസ്റ്റ് കിഡ്ഡിങ്’ എന്നു പറയുന്നത് ഒരു ശൈലിയായി പോലും ക്യാംപസ് ഏറ്റെടുത്തേക്കാം.

Read more from https://www.manoramaonline.com/movies/movie-reviews/2024/02/09/premalu-malayalam-movie-review.html