#News

പൂർത്തീകരിച്ച കൊമ്പുകുത്തി അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പട്ടികവർഗ്ഗ ജനവാസ മേഖലയായ കൊമ്പുകുത്തി പട്ടികവർഗ്ഗ സങ്കേതത്തിൽ 1 കോടി രൂപ വിനിയോഗിച്ച് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി പൂർത്തീകരിച്ചതായും, പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 10-)o ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടികജാതി, പട്ടികവർഗ്ഗ , പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി നിർവഹിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ. ജി. ജോളിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, വാർഡ് മെമ്പർ ലതാ സുശീലൻ തുടങ്ങിയവർ പ്രസംഗിക്കും.

ഈ പദ്ധതിയുടെ ഭാഗമായി കോളനിയിൽ 13 കുടുംബങ്ങൾക്ക് പുതുതായി വീടുകൾ നിർമ്മിച്ചു നൽകി. 5 വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കി. കോളനിക്കുള്ളിൽ പ്രത്യേക കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് എല്ലാ വീടുകളിലും പൈപ്പ് ലൈൻ മുഖേന കുടിവെള്ളം എത്തിച്ചു. കോളനികളിലെ നടപ്പാതകൾ കോൺക്രീറ്റ് ചെയ്തു. 4 പുല്ലുവെട്ടി യന്ത്രങ്ങൾ, 2 മെഷീൻ വാൾ ,1 റബർ റോളർ മെഷീൻ, 2 വെൽഡിങ് മെഷീൻ,3 തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നീ തൊഴിൽ ഉപകരണങ്ങളും നൽകി. ഒരു കുടുംബത്തിന് കോഴിക്കൂട് നിർമ്മിച്ചു നൽകി മുട്ടക്കോഴികളെ നൽകുകയും,6 കുടുംബങ്ങൾക്ക് റബ്ബർ കൃഷിക്ക് ആവശ്യമായ റബർ തൈകൾ നൽകുകയും ചെയ്തു. ഇപ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിനും വ്യക്തിഗതമായി ഉപജീവനോപാധികളും, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തികളും സംയോജിപ്പിച്ച് നടപ്പിലാക്കുകയാണ് ഒരു കോടി രൂപ വിനിയോഗിച്ച് നിർവഹിച്ചിട്ടുള്ളത്. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി എന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയതെന്നും എംഎൽഎ അറിയിച്ചു. ഇതോടൊപ്പം കൊമ്പുകുത്തി മേഖലയിൽ നിരന്തരം ഉണ്ടായിരുന്ന വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് വനത്തിനുള്ളിലൂടെയുള്ള വൈദ്യുതി ലൈനുകൾ മാറ്റി സംസ്ഥാന വൈദ്യുതി വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ച് അണ്ടർ ഗ്രൗണ്ട് കേബിൾ കണക്ഷനുകൾ വഴി കോളനിയിലേക്ക് തടസരഹിത വൈദ്യുത വിതരണവും ഏർപ്പെടുത്തി. കൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 2 കോടി രൂപ അനുവദിച്ച് കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന് പുതിയ കെട്ടിടവും നിർമ്മിച്ചു നൽകി. കോളനിയിലേക്ക് എത്തുന്ന ഏക പൊതുമരാമത്ത് റോഡായ വനാതിർത്തിക്കുള്ളിലൂടെയുള്ള മടുക്ക – കൊമ്പുകുത്തി റോഡും സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് അറ്റ കുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കി എന്നും എംഎൽഎ കൂട്ടിച്ചേർത്തു.