#Local News

പരസ്യപ്രചാരണം ഇന്ന്(24) വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് (ഏപ്രില്‍ 24) ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.