കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാര്‍ ഉടമയ്ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാര്‍ ഉടമയ്ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം. ബസ്റ്റാന്റുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ചുള്ള പരാതികളില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇടപെട്ടിരുന്നു. കെഎസ്ആര്‍ടിസി ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ഇവിടങ്ങളിലെ ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത് വ്യക്തമാകുകയും ചെയ്തിരുന്നു.യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.