റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു.
റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കോട്ടയത്ത് തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലേർട്ട് തുടരുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.