കെ എസ് ആർ ടിസിയുടെ ടിക്കറ്റിതര വരുമാനത്തിൽ റെക്കോഡ് വർധനവ്.
കെ എസ് ആർ ടിസിയുടെ ടിക്കറ്റിതര വരുമാനത്തിൽ റെക്കോഡ് വർധനവ്. മൂന്നു വർഷം കൊണ്ട് ടിക്കറ്റ് ഇതര വരുമാനത്തിൽ അഞ്ചിരട്ടി വർധനവാണുണ്ടായിരിക്കുന്നത്. 2021വരെ ടിക്കറ്റിതര വരുമാനം പ്രതിമാസ വരുമാനം അഞ്ച് കോടിയായിരുന്നു. എന്നാൽ, 2021ന് ശേഷമുള്ള വർഷങ്ങളിൽ പ്രതിമാസ വരുമാനം 25 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപംകൊടുത്ത കെ.എസ്.ആർ.ടി.സി കൊമേഴ്സ്യൽ വിഭാഗമാണ് മൂന്നു വർഷം കൊണ്ട് വരുമാനം അഞ്ചിരട്ടിയാക്കിയത്. 2021 ജൂണിലാണ് സി.എം.ഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ കൊമേഴ്സ്യൽ വിഭാഗം രൂപീകരിച്ചത്. അതുവരെ കെ.എസ്.ആർ.ടി.സി ബസിലെ പരസ്യങ്ങൾ ഉൾപ്പെടെയുള്ളവ നൽകിയിരുന്നത് സ്വകാര്യ ഏജൻസികൾക്കായിരുന്നു. എന്നാൽ, കൊമേഴ്സ്യൽ വിഭാഗം വന്നതോടെ പരസ്യങ്ങൾ കെ.എസ്.ആർ.ടി.സി സ്വയം ചെയ്യാൻ തുടങ്ങി
നിലവിൽ ബസിൽ പതിക്കുന്ന പരസ്യങ്ങളുടെ വരുമാനം മാത്രം സംസ്ഥാന തലത്തിൽ വർഷം 20 കോടിക്ക് മുകളിലാണ്. ഹോർഡിംഗ്സും മറ്റ് പരസ്യ വരുമാനങ്ങളും 15 കോടിയിലധികം വരും. ഇത്തരത്തിൽ ഏറ്റവും അധികം പരസ്യ വരുമാനം ലഭിക്കുന്നത് തിരുവനന്തപുരം ഡിപ്പോയിലാണ്. മുമ്പ് ബഡ്ജറ്റ് ടൂറിസവും ടിക്കറ്റിതര വരുമാനത്തിലായിരുന്നു. പിന്നീടത് പ്രത്യേക വിഭാഗമാക്കി. കൊറിയർ ആൻഡ് ലോജിസ്റ്റിക്സിൽ എട്ടു മാസം കൊണ്ട് സംസ്ഥാനത്തൊട്ടാകെ രണ്ടര കോടിക്ക് മുകളിലാണ് വരുമാനം. ഈ കാലയളവിൽ സ്റ്റാൻഡുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും നിന്നുള്ള വരുമാനം അഞ്ച് കോടിക്ക് മുകളിലും.
ബസുകളിൽ പതിക്കുന്ന പരസ്യത്തിൽ നിന്നാണ് ഏറ്റവും അധികം വരുമാനം. ഹോർഡിംഗ്സുകളിൽ നിന്നുള്ള വരുമാനമാണ് രണ്ടാമത്. കൊറിയർ സർവീസിലൂടെയുള്ള വരുമാനമാണ് മൂന്നാം സ്ഥാനത്ത്.