#Local News

കുട്ടികള്‍ക്കുള്ള കളിസ്ഥലം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ സ്‌കൂളും വേണ്ടെന്ന് ഹൈക്കോടതി.

കുട്ടികള്‍ക്കുള്ള കളിസ്ഥലം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ സ്‌കൂളും വേണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകളില്‍ കളിസ്ഥലം നിര്‍ബന്ധമായും വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കളിസ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹൈക്കോടതി.സിഗിംള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് പിവി കുഞ്ഞി കൃഷ്ണനാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.കൊല്ലം തേവായൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിനെതിരെ പിടിഎ പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കളിസ്ഥലമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഏത് രീതിയില്‍ എങ്ങനെ കളിസ്ഥലങ്ങള്‍ വേണമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതി അറിയിച്ചു. നാല് മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കളിസ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.