ഡ്രൈവിംഗ് രീതികളുടെ അടിത്തറ തന്നെ പൊളിച്ചു പണിയാനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ ശ്രമങ്ങൾ മുന്നോട്ട്.
ഡ്രൈവിംഗ് രീതികളുടെ അടിത്തറ തന്നെ പൊളിച്ചു പണിയാനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ ശ്രമങ്ങൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി മെയ് ഒന്ന് മുതൽ ടെസ്‌റ്റിന് ഹാജരാകേണ്ട ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് നീക്കം. നിലവിലെ രീതി അനുസരിച്ച് രജിസ്‌റ്റർ ചെയ്‌ത ആളുകളുടെ അപേക്ഷ മെയ് ഒന്നിന് ശേഷം പരിഗണിക്കേണ്ട എന്നാണ് തീരുമാനം. മെയ് ഒന്നു മുതൽ നടപ്പാക്കാൻ ഉദേശിക്കുന്ന പരിഷ്ക്കരണത്തിന് പുതിയ ട്രാക്കുകള്‍ പോലും ഇതേവരെ തയ്യാറായില്ല. ഒന്നു മുതൽ 30 ലൈസൻസ് മാത്രം കൊടുത്താൽ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം. അതേ സമയം പ്രതിദിനം 100 ലൈസൻസിന് മുകളിൽ കൊടുക്കുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ പരസ്യ ടെസ്റ്റ് നാളെ നടക്കും. ഇവര്‍ എങ്ങനെയാണ് ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെന്നറിയാനാണ് ഇവര്‍ക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്.സിഐടിയുവും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരമുള്‍പ്പെടെ കടുന്ന പ്രതിഷേധമുയർത്തുന്നതിനിടെയാണ് പരിഷ്ക്കരണവുമായി മുന്നോട്ടുപോകാനുളള ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ തീരുമാനം. ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകള്‍ നവീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍, 9 സ്ഥലത്ത് മാത്രമാണ് മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി ഭൂമിയുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയിലും സ്കൂള്‍ ഗ്രൗണ്ടിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമൊക്കായാണ് ബാക്കി ടെസ്റ്റ്. മാവേലിക്കരയിൽ ഒഴികെ മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഡ്രൈവിങ് സ്കൂളുകള്‍ ചേർന്നാണ് മാവേലിക്കരയിൽ ട്രാക്ക് ഒരുക്കിയത്. സ്ഥലംകണ്ടെത്താനും ട്രാക്കൊരുക്കാനും പണം ആരു ചെലവാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പക്ഷെ പരിഷ്ക്കാരം നടപ്പാക്കിയേ കഴിയുവെന്നാണ് മന്ത്രിയുടെ നിർബന്ധം. പുതിയ രീതിയിൽ ടെസ്റ്റ് നടത്തിയ 30 പേർക്ക് ലൈസൻസ് കൊടുത്താൻ മതിയെന്ന നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ഒരു വ്യക്തതയില്ല.
- ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളുകാർ പ്രതിഷേധവുമായി എത്തുന്നതോടെ ട്രാക്കുകള്‍ സമര കേന്ദ്രങ്ങളാകാൻ സാധ്യത. 100 ലധികം ലൈസൻസുകള്‍ പ്രതിദിനം കൊടുക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ഗതാഗതമന്ത്രിയുടെ കണക്കൂട്ടൽ. 100 ലധികം ലൈസന്‍സ് നൽകുന്ന 15 എംവിഡിമാരെ തിരുവനന്തപുരത്ത് കൊണ്ടുവന്ന നാളെ പരസ്യ ടെസ്റ്റ് നടത്തിക്കും. എങ്ങനെയാണ് ഇവർ ടെസ്റ്റ് നടത്തുന്നതെന്ന് മോട്ടോർവാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനാണ് പരസ്യ ടെസ്റ്റ്.