#Local News

പ്ലാസ്റ്റിക് രഹിത തീർത്ഥാടനത്തിന്  എരുമേലിയിൽ 12 ഇടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റ്‌ തുടങ്ങി.

എരുമേലി : നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ എരുമേലിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന്റെ സേവനം ആരംഭിച്ചതിന് പിന്നാലെ ശുചിത്വപൂർണമായ തീർത്ഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു. ശബരിമല യാത്രയിൽ പ്ലാസ്റ്റിക് ഉൾപ്പടെ പാഴ് – അജൈവ വസ്തുക്കൾ വഴിയിൽ ഉപേക്ഷിച്ചു കളയുന്ന പ്രവണത വിശുദ്ധി നിറയേണ്ട തീർത്ഥാടനത്തിന്റെ സംശുദ്ധിയ്ക്ക് കളങ്കമാണ്. ഈ അവബോധം തീർത്ഥാടകരിൽ പകരാനും വഴിയിൽ ഉപേക്ഷിച്ചു കളയാതെ പ്ലാസ്റ്റിക് ഉൾപ്പടെ പാഴ് – അജൈവ വസ്തുക്കൾ ഹരിത കർമ സേനയ്ക്ക് കൈമാറാനുമാണ് ഹരിത ചെക്ക് പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്. ഒപ്പം 12 സ്ഥലങ്ങളിലും പാതയോരങ്ങളിൽ ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടനം സമാപിക്കുന്നത് വരെ ഇത്തരം സാധനങ്ങൾ ദിവസവും സംഭരിക്കുകയും ചെയ്യും. കൃത്യമായ സംസ്‌കരണം ഉൾപ്പടെ പുനരുപയോഗത്തിന് ശേഖരിക്കുന്നതിനായാണ് ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ശബരിമല പാതയുടെ എരുമേലി പഞ്ചായത്തിലേക്കുള്ള പ്രവേശന ഭാഗമായ കൊരട്ടി പാലം മുതൽ സെന്റ് തോമസ് സ്കൂൾ ജങ്ഷൻ വരെയും, തീർത്ഥാടകർ കുളിക്കുന്ന മണിമലയാറിലെ പ്രധാന കടവായ ഓരുങ്കൽകടവ്, പരമ്പരാഗത കാനന പാതയുടെ തുടക്കമായ ചരള – പേരൂർത്തോട് റോഡും ഇരുമ്പൂന്നിക്കര – കോയിക്കക്കാവ് റോഡും, പ്രധാന ശബരിമല പാതയിലെ കരിങ്കല്ലുമുഴി മുതൽ കനകപ്പലം വരെയും, മുക്കൂട്ടുതറ – തൂങ്കുഴിപ്പടി റോഡിലും, മുക്കൂട്ടുതറ മുതൽ പാണപിലാവ് വരെയും, പാണപിലാവ് – എരുത്വാപ്പുഴ – കണമല കടവ് റോഡിലും, മൂക്കൻപെട്ടി മുതൽ കാളകെട്ടി വരെയും ആണ് 12 സ്ഥലങ്ങളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ആയി ഡ്യൂട്ടി പോയിന്റുകൾ പ്രവർത്തിക്കുക. തദ്ദേശ സ്വയം ഭരണ വകുപ്പ്, കോട്ടയം ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിൽ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആണ് ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം. ശബരിമല തീർത്ഥാടകരുടെ കൈവശം ഉള്ള പ്ലാസ്റ്റിക് ഉൾപ്പടെ പാഴ് അജൈവ വസ്തുക്കൾ ചെക്ക് പോസ്റ്റുകളിൽ വെച്ച് ഹരിത കർമ സേനയ്ക്ക് കൈമാറാവുന്നതാണ്. ഇതിനായി യൂസർ ഫീ ഈടാക്കില്ല. തികച്ചും സൗജന്യമായാണ് ഈ സാമൂഹിക സേവനമെന്ന് ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. പഞ്ചായത്ത്‌ അംഗം തങ്കമ്മ ജോർജ്കുട്ടി, ഹരിത കർമ സേന അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.

ചിത്രം.

എരുമേലിയിൽ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി നിർവഹിക്കുന്നു.