#Local News

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

 

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവമുണ്ട്.  കാലവർഷമെത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്.