ജസ്‌ന തിരോധാനക്കേസ്; പിതാവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് CBI
ജസ്‌ന തിരോധാനക്കേസിൽ പിതാവിന്റെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങൾ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ജസ്‌ന തിരോധാനക്കേസ് അവസാനിപ്പിച്ചുകൊണ്ട് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെയായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചത്. ജസ്‌ന അജ്ഞാതസുഹൃത്തിനാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ബി.ഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹർജി.
ആൺ സുഹൃത്തിനെ പോളിഗ്രഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ആർത്തവസമയത്ത് പതിവില്ലാതെ ജസ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായിരുന്നതായി ഏക സഹോദരി മൊഴി നൽകിയിട്ടുണ്ട്. ആർത്തവ രക്തം പുരണ്ട തുണി തിരുവല്ല ഡിവൈ.എസ്.പി. അന്വേഷണത്തിനെടുത്തിരുന്നുവെന്ന് ഹർജിയിൽ പറയുന്നെങ്കിലും ഇങ്ങനെയൊരു തുണി കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ജസ്നയെ കാണാതയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ലെന്ന ആരോപണത്തിൽ പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി.
ജസ്‌ന കോളേജിനു പുറത്തു പോയത് എൻ.എസ്.എസ്. ക്യാമ്പിനാണ്. ഈ ക്യാമ്പിന്റെ വിവരങ്ങളും സി.ബി.ഐ. അന്വേഷണത്തിൽ വന്നിട്ടില്ല. ജസ്‌നയെ കാണാതായ ദിവസം വൈകുന്നേരം ആറുമണിക്കും പിറ്റേന്നു രാവിലെയും ജസ്‌നയുടെ ഫോണിലേക്കു വിളിച്ച സുഹൃത്തിലേക്കും അന്വേഷണമെത്തിയില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ സുഹൃത്തുക്കളെയും അധ്യാപകരെയും ചോദ്യം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ കേസ് പൂർണമായി അവസാനിപ്പിച്ചിട്ടുകൊണ്ടുള്ള റിപ്പോർട്ടല്ല സമർപ്പിച്ചതെന്നും താത്കാലികമായി മാത്രമാണ് കേസ് അവസാനിപ്പിച്ചതെന്നും പുതുതായി എന്തെങ്കിലും വിവരം ലഭിച്ചാൽ തുടരന്വേഷണത്തിന് യാതൊരുവിധ തടസവുമില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാൽ ജസ്നയുടെ പിതാവിന്റെ ഹർജിയിലെ ആരോപണങ്ങളിൽ തുടരന്വേഷണം ആവശ്യമില്ലെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചത്.