ശബരിമല തീര്‍ത്ഥാടനം: എരുമേലിയില്‍ പ്രതിഷേധം 10 ന്
എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി രംഗത്ത്.അയ്യപ്പഭക്തര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡും – സര്‍ക്കാരും എരുമേലിയില്‍ ചെയ്തിട്ടില്ല. ആയിരത്തിലധികം അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യ മുണ്ടായിരുന്ന വിരിപ്പന്തല്‍ പൊളിച്ച് നീക്കി. പകരം കിഫ്ബിയുടെ ധനസഹായത്തോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടം നാല് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല. ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനങ്ങള്‍ ശോചനീയമാണ്. ശബരിമലതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ വ്യാപക മായ തീര്‍ത്ഥാടക ചൂഷണം ശബരിമല തീര്‍ത്ഥാടനത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു. പാര്‍ക്കിംഗ് മൈതാനങ്ങള്‍, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, പേട്ട തുള്ളല്‍ സാധനങ്ങള്‍ അടക്കം ഈടാക്കുന്ന വിലയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുന്ന ഫീസാണ് എരുമേലിയില്‍ മറ്റുള്ളവരും വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് ഫീസ് ഈടാക്കുന്നത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ കടകളിലും – പാര്‍ക്കിംഗിലും നിര്‍ത്താതിരിക്കുക, രാസ സിന്ധൂരത്തിന് പകരം ജൈവ സിന്ധൂരം കൊണ്ടുവരുക , പേട്ട തുള്ളല്‍ പാതയിലെ വാഹനഗതാഗതം ഒഴിവാക്കുക, പേട്ട തുള്ളല്‍ സാധനങ്ങളുടെ വില ഏകീകരിക്കുക, ഫോട്ടോസ്റ്റുഡിയോകളില്‍ വില ഏകീകരിക്കുക, നടപ്പാതകളിലെ കച്ചവടം ഒഴിവാക്കുക, സീസണ്‍ കടകളില്‍ വിലനിലവാരവും – കടകടത്തുന്നയാളിന്റെ മേല്‍വിലാസവും , പരാതി നല്‍കേണ്ട ബന്ധപ്പെട്ട വകുപ്പിന്റെ ഫോണ്‍ നമ്പര്‍ എന്നിവയും പ്രദര്‍ശിപ്പിക്കുക,റവന്യൂ സ്‌ക്വാഡിന്റ പരിശോധന കര്‍ശനമാക്കുക, എരുമേലിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിന്റെ സേവനം വേണം. നിയമലംഘനം നടത്തുവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുക. പഞ്ചായത്തിന് ലഭിക്കേണ്ട ശബരിമല ഫണ്ട് വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് 10 ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് എരുമേലിയില്‍ പ്രതിഷേധ നാമജപ യാത്ര നടത്തുന്നതെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി സി ഡി മുരളി, വിശ്വ ഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി മോഹനന്‍ പനയ്ക്കല്‍, ജില്ല ജോ. സെക്രട്ടറി മോഹനന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.